കൊല്ലം : വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി അവയവക്കച്ചവടം നടത്തിവന്ന വൻ സംഘത്തെ കൊല്ലം സിറ്റി പോലീസ് പിടികൂടി.കല്ലുംതാഴം സ്വദേശിനി ശ്രീജ (40), വടക്കേവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവയവം കൈമാറിയ വിനോദ് എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, വ്യാജമായി നിർമ്മിച്ച ആധാർ കാർഡുകള്‍, മറ്റ് സുപ്രധാന രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കിളികൊല്ലൂർ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.ശ്രീജയുടെ കല്ലുംതാഴത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകള്‍ ലഭിച്ചു. ശ്രീജയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എറണാകുളം കേന്ദ്രീകരിച്ച് നടന്ന കൂടുതല്‍ ഇടപാടുകളുടെ വിവരങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്. തുടർന്നാണ് ഇവരുടെ സഹായിയായി പ്രവർത്തിച്ച സുധീറിനെയും വിനോദിനെയും പോലീസ് വലയിലാക്കിയത്.കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് നജിബ് ഉള്‍പ്പെടെയുള്ളവർ നിലവില്‍ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

