തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനില്‍ എല്‍ഡിഎഫ്- ബിജെപി കൗണ്‍സിലർമാർ ഏറ്റുമുട്ടി.എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫീസില്‍ നടത്തിവന്ന ഉപരോധത്തിനിടയിലേക്ക് മേയറെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മേയറെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ബിജെപി കൗണ്‍സിലർമാർ പ്രതിരോധവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും സിപിഎം വനിതാ കൗണ്‍സിലർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർ അനിലയ്ക്കും പരിക്കേറ്റു. മേയറാണ് ആദ്യം ആക്രമിച്ചതെന്ന് എല്‍ഡിഎഫ് കൗണ്‍സിലർ എസ്.പി. ദീപക് ആരോപിച്ചു.എല്‍ഡിഎഫ് കൗണ്‍സിലർമാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കോര്പറേഷൻ ഓഫീസ് പരിസരത്ത് രാവിലെ മുതല്‍ സംഘർഷാവസ്ഥ നിലനിന്നിരുന്നു.കൗണ്‍സിലർമാരുമായി മേയർ വി.വി.രാജേഷ് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉപരോധം നടത്തുന്ന എല്‍ഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.കാപ്പ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുന്നതിനിടെയാണ് 20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്.

