വിഴിഞ്ഞം: വിവാഹ വാർഷികം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോള്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരിയെ (27) ആണ് കിടപ്പുമുറിയിലെ ഫാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് (Vizhinjam Woman Death). സംഭവത്തില്‍ ഭർത്താവ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.നാഗർകോവില്‍ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ഇന്നലെ വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ഭർതൃപിതാവ് ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. സന്ധ്യയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് അയല്‍വാസികളുടെ സഹായത്തോടെ ജനല്‍ ഗ്ലാസ് തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസമായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികം എന്നും, കുടുംബത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭർതൃവീട്ടുകാർ അവകാശപ്പെടുന്നു. എന്നാല്‍, വിഘ്നേശ്വരി ഭർതൃവീട്ടില്‍ വെച്ച് മാനസിക അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. മരണകാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

