ഇടുക്കി തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി. തൊടുപുഴ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ആദിത്യൻ ബൈജുവിന്റെ പക്കല്‍ നിന്നും രക്തസമ്മർദം കുറവുള്ളവർ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.തുടർന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധിച്ച് മരുന്നുകള്‍ പിടിച്ചെടുത്തു. ഏകദേശം, 50,850 രൂപ വിലവരുന്ന, 150 വയല്‍ ഇൻജക്ഷൻ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈൻ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഓണ്‍ലൈൻ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എടുത്ത ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികള്‍ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡ്രഗ്‌സ് കണ്‍ട്രോളർക്ക് നിർദേശം നല്‍കി.എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളർ കെ സന്തോഷ് മാത്യുവിന്റെ നിർദേശത്തില്‍ ഡ്രഗ്‌സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു.

