ഷാർജ: ഷാർജ പൊലിസും ഷാർജ തുറമുഖം, കസ്റ്റംസ്, ഫ്രീ സോണ്‍ അതോറിറ്റിയും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തില്‍, രാജ്യത്തിനകത്തും പുറത്തുമായി രണ്ട് ലഹരിക്കടത്ത് ശ്രമങ്ങള്‍ പരാജയപ്പെടുത്തി.ഈ ഓപ്പറേഷനുകളില്‍ ആകെ 17 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
ഷാർജ പൊലിസ് ജനറല്‍ കമാൻഡ് വ്യക്തമാക്കിയത് പ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് പ്രിവൻഷൻ ആൻഡ് കണ്‍ട്രോള്‍ നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെയാണ് തകർത്തത്. വിതരണത്തിനായി 12 കിലോഗ്രാമിലധികം കൊക്കെയ്ൻ യുഎഇയിലേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്.
ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് പ്രിവൻഷൻ ആൻഡ് കണ്‍ട്രോള്‍ ഡയറക്ടർ മേജർ മാജിദ് സുല്‍ത്താൻ അല്‍ അസ്സാം നല്‍കിയ വിവരമനുസരിച്ച്, സംഘത്തിലെ പ്രധാനി ഒരു ഏഷ്യൻ പൗരനാണ്. ഇയാളെ, അയല്‍ രാജ്യത്തിലൂടെ യുഎഇയില്‍ പ്രവേശിച്ച ഉടൻ അറസ്റ്റ് ചെയ്തു. കൂടാതെ, യുഎഇയില്‍ മയക്കുമരുന്ന് കൈപ്പറ്റാൻ കാത്തിരുന്ന രണ്ട് ആഫ്രിക്കൻ പൗരന്മാരെയും പിടികൂടിയിട്ടുണ്ട്.

