
തിരുവനന്തപുരം:ശബരിമല സന്നിധാനത്തെ സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്നുവെന്ന് രേഖകളിലുള്ള 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടത്തിന് പകരം സമാനരൂപത്തിലുള്ള മുക്കുപണ്ടക്കിരീടം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ, ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോങ്റൂമിൽ നിന്ന് സ്വർണമാല കാണാതായെന്ന വിവരം, തിരുവനന്തപുരം ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായെന്ന വിവരം തുടങ്ങിയ സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് അഖില തന്ത്രി പ്രചാരക് സഭ കാണുന്നത്.
ഈ സാഹചര്യത്തിൽ ഇന്ന് 24/09/2026 ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റിയുടെ അദ്യക്ഷതയിൽ അഖില തന്ത്രി പ്രചാരക് സഭയുടെ അടിയന്തിര യോഗം ചേർന്ന് വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
2012 ഓഗസ്റ്റ് 17-ന് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിൽ സമർപ്പിച്ച സ്വർണക്കിരീടത്തിന്റെ തൂക്കം 445.78 ഗ്രാം ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, നിലവിൽ സ്ട്രോങ്റൂമിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കിരീടത്തിന് ഏകദേശം 240 ഗ്രാം മാത്രമാണെന്നുമുള്ള വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുവിനും ഇപ്പോൾ കണ്ടെത്തിയ വസ്തുവിനും തൂക്കത്തിലും സ്വഭാവത്തിലും വ്യത്യാസമുണ്ടെങ്കിൽ അതിന്റെ കാരണം ശാസ്ത്രീയമായും നിയമപരമായും കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ശബരിമല പോലെയുള്ള അതീവ വിശ്വാസപ്രാധാന്യമുള്ള തീർഥാടനകേന്ദ്രത്തിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണം, വെള്ളി, രത്നാഭരണങ്ങൾ, തിരുവാഭരണങ്ങൾ തുടങ്ങിയ അമൂല്യവസ്തുക്കൾ ഭക്തരുടെ വിശ്വാസത്തിന്റെ പ്രതീകങ്ങൾ മാത്രമല്ല, ദേവസ്വത്തിന്റെ ഉത്തരവാദിത്വത്തിൽ സംരക്ഷിക്കപ്പെടേണ്ട വിലമതിക്കാനാവാത്ത സമർപ്പണങ്ങളുമാണ്.
സ്ട്രോങ്റൂം തുറക്കുന്നതിനും അടയ്ക്കുന്നതിനും നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ, ഓരോ ഇടപാടും മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യം ഉറപ്പാക്കിയിരുന്നോ, സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതാണ്.
പ്രത്യേകിച്ച്, ശബരിമലയിലെ സ്ട്രോങ്റൂമിന് സി.സി.ടി.വി. നിരീക്ഷണം ഇല്ലായിരുന്നുവെന്ന വിവരം ശരിയാണെങ്കിൽ, ഇത്രയും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത് ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഉണ്ടായ വീഴ്ചയും പരിശോധിക്കപ്പെടേണ്ടതാണ്.
അഖില തന്ത്രി പ്രചാരക് സഭയുടെ ആവശ്യങ്ങൾ
1.
ശബരിമല സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണം.
2.
2012-ൽ സമർപ്പിച്ച സ്വർണക്കിരീടത്തിന്റെ രജിസ്റ്റർ, രസീത്, മഹസർ, തൂക്കരേഖകൾ, ബന്ധപ്പെട്ട രേഖകൾ എന്നിവ പരിശോധിക്കണം.
3.
നിലവിൽ കണ്ടെത്തിയ കിരീടവും പഴയ രേഖകളിലുള്ള കിരീടവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സ്വർണത്തിന്റെ അളവ്, ഘടന, നിർമ്മാണസ്വഭാവം തുടങ്ങിയവ പരിശോധിക്കണം.
4.
സ്ട്രോങ്റൂമിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ, ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങളും ബന്ധപ്പെട്ട കാലയളവിലെ രേഖകളും പരിശോധിക്കണം.
5.
സ്ട്രോങ്റൂം തുറന്നതും അടച്ചതുമായ എല്ലാ അവസരങ്ങളുടെയും മഹസർ, രജിസ്റ്റർ, താക്കോൽ കൈമാറ്റ രേഖകൾ പരിശോധിക്കണം.
6.
ആറന്മുള ഉൾപ്പെടെയുള്ള ദേവസ്വം സ്ട്രോങ്റൂമുകളിലെ തിരുവാഭരണങ്ങളും അമൂല്യവസ്തുക്കളും സംബന്ധിച്ച് സമഗ്രമായ കണക്കെടുപ്പ് നടത്തണം.
7.
ദേവസ്വം സ്ഥാപനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണത്തിനായി സി.സി.ടി.വി., ഡിജിറ്റൽ ഇൻവെന്ററി, ഇരട്ട നിയന്ത്രിത ലോക്കിംഗ് സംവിധാനം, സ്ഥിരം ഓഡിറ്റ് തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കണം.
8.
ഭക്തർ സമർപ്പിക്കുന്ന സ്വർണം, വെള്ളി, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ സ്വീകരണം മുതൽ അന്തിമ സംഭരണം വരെ ഡിജിറ്റൽ രേഖയും ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തണം.
9.
അന്വേഷണത്തിൽ ഏതെങ്കിലും വ്യക്തിയുടെ ഭാഗത്ത് നിയമവിരുദ്ധമായ ഇടപെടലോ ഉത്തരവാദിത്വ ലംഘനമോ കണ്ടെത്തുന്ന പക്ഷം, നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം.
10.
അന്വേഷണം പൂർത്തിയാകുന്നതുവരെ വ്യക്തികളെയോ ഉദ്യോഗസ്ഥരെയോ മുൻകൂട്ടി കുറ്റക്കാരായി പ്രഖ്യാപിക്കാതെ, വസ്തുതകളും രേഖകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകണം എന്നും
അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം. എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി പറഞ്ഞു:
“ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന ഓരോ തിരുവാഭരണത്തിനും സ്വർണത്തിനും രത്നത്തിനും പിന്നിൽ ഭക്തരുടെ വിശ്വാസവും സമർപ്പണവുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അമൂല്യവസ്തുക്കളുടെ സംരക്ഷണത്തിൽ യാതൊരു തരത്തിലുള്ള വീഴ്ചയും അനുവദിക്കരുത്.
2012-ൽ രേഖപ്പെടുത്തിയ തൂക്കവും നിലവിൽ കണ്ടെത്തിയതായി പറയപ്പെടുന്ന കിരീടത്തിന്റെ തൂക്കവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കണം. ഇത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രീയമായും നിയമപരമായും കണ്ടെത്തേണ്ട വിഷയമാണ്.
ശബരിമലയിലെ സ്ട്രോങ്റൂമിൽ സൂക്ഷിക്കുന്ന അമൂല്യവസ്തുക്കളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, പഴയ രേഖകൾ ഉൾപ്പെടെ സമഗ്രമായ ഓഡിറ്റും കണക്കെടുപ്പും നടത്തുകയും വേണം.
ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു സംശയത്തിനും ഇടവരാത്ത വിധം അന്വേഷണം സുതാര്യമായി നടത്തണം. കുറ്റക്കാരുണ്ടെങ്കിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം; എന്നാൽ അന്വേഷണത്തിന് മുമ്പ് ആരെയും കുറ്റക്കാരായി ചിത്രീകരിക്കരുത്.
ശബരിമല ഉൾപ്പെടെയുള്ള എല്ലാ ദേവസ്വം സ്ഥാപനങ്ങളിലെയും തിരുവാഭരണങ്ങളുടെയും അമൂല്യവസ്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ, ദേവസ്വം ബോർഡ്, ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ എന്നിവർ അടിയന്തരമായി ഏകോപിത നടപടികൾ സ്വീകരിക്കണം.”
അഖില തന്ത്രി പ്രചാരക് സഭ, ഭക്തരുടെ വിശ്വാസവും ക്ഷേത്രങ്ങളുടെ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ നടപടികൾക്കും പിന്തുണ നൽകുമെന്നും ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
എം. എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി ദേശീയ ചെയർമാൻ
രാജേഷ്. കെ ദേശീയ ജനറൽ സെക്രട്ടറി
എൻ. വിഷ്ണുനമ്പൂതിരി ദേശീയ വൈസ് ചെയർമാൻ
ബ്രിജേഷ് കെ. എസ്. ദേശീയ ട്രഷറർ
ഈ. എസ്. ശങ്കരൻ നമ്പൂതിരി ദേശീയ ഓർഗനൈസിങ് സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ സന്നിഹിതരായിരുന്നു
