മട്ടാഞ്ചേരി ബസാറില്‍ കെട്ടിടത്തില്‍ തീ പിടുത്തം

മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറില്‍ കെട്ടിടത്തില്‍ തീ പിടുത്തം.ട്രസ്‌റ്റിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ ഗോഡൗണിലാണ്‌ തീപിടിച്ചത്‌.ഇന്നലെ രാവിലെ എട്ടേ ഇരുപതോടെയാണ്‌ സംഭവം.ഗോഡൗണിലെ മര പലക ഉപയോഗിച്ചുള്ള പെട്ടികളും അലമാരകളും ഫാന്‍ ഉള്‍പെടെയുള്ള ഇലക്ര്‌ടിക്‌ ഉപകരണങ്ങളും തീ പിടുത്തത്തില്‍ കത്തി നശിച്ചു.സമീപത്തെ രണ്ട്‌ മുറികളില്‍ ഇതര സംസ്‌ഥാന കച്ചവടക്കാരാണ്‌ കഴിഞ്ഞിരുന്നത്‌.തീ പിടുത്തമുണ്ടായത്‌ ഇവര്‍ അറിഞ്ഞിരുന്നില്ല.കെട്ടിടത്തില്‍ നിന്ന്‌ പുക ഉയരുന്നത്‌ കണ്ട്‌ നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ്‌ ഇവര്‍ പുറത്ത്‌ ഇറങ്ങിയത്‌.ഇതിനെ തുടര്‍ന്ന്‌ വലിയ അപകടം ഒഴിവായി.സമീപത്ത്‌ നിരവധി കെട്ടിടങ്ങള്‍ അടുത്തടുത്താണ്‌ സ്‌ഥിതി ചെയ്യുന്നത്‌.ഈ കെട്ടിടങ്ങളിലേക്ക്‌ തീ പടരാതിരിക്കാന്‍ അഗ്നി രക്ഷാ സേന നടത്തിയ പ്രവര്‍ത്തനം മൂലം വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.മറ്റിടങ്ങളിലേക്ക്‌ തീ പടര്‍ന്നിരുന്നേല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്‌ഥിതി വന്നേനെ.ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീ പിടുത്തത്തിന്‌ കാരണമെന്നാണ്‌ നിഗമനം.മട്ടാഞ്ചേരിയില്‍ നിന്നുള്ള അഗ്നി രക്ഷാ സേന അംഗങ്ങള്‍ ഒരു മണിക്കൂര്‍ നേരം പരിശ്രമിച്ചാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌.

You May Also Like

About the Author: Jaya Kesari