അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.വ്യാഴാഴ്ച ഹുക്കുംപേട്ട മണ്ഡലത്തിലെ ബുർജ പഞ്ചായത്തിന് സമീപമുള്ള മുളഗമ്മി വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.അവധി ആഘോഷിക്കാനായി ജംബാവലസ ഗ്രാമത്തില്‍ നിന്ന് അഞ്ചംഗ പെണ്‍കുട്ടികളുടെ സംഘമാണ് വെള്ളച്ചാട്ടത്തിലെത്തിയത്. വെള്ളച്ചാട്ടത്തിന് നടുവിലുള്ള വലിയ പാറയില്‍ കയറി നിന്ന് സെല്‍ഫി വീഡിയോയും ഫോട്ടോയും എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.പെണ്‍കുട്ടികള്‍ക്ക് നീന്തല്‍ അറിയാത്തതും നീരൊഴുക്ക് ശക്തമായതും അപകടത്തിന്റെ ആഴം കൂട്ടി. കൂടെയുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

