
ഗുരുഗ്രാം: ഹരിയാനയിലെ നുഹില്‍ അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. നുഹിലെ തൗരു റോഡിലെ മരിയ മൻസില്‍ സ്കൂളിന് സമീപമാണ് സംഭവം.പദ്ല സ്വദേശിയായ മദ്രസ അധ്യാപകൻ സാകിർ (28), മക്കളായ സിദ്റ (2), രണ്ട് മാസം പ്രായമുള്ള ഫാത്തിമ, സാക്കിറിന്റെ ഭാര്യാസഹോദരന്റെ മകള്‍ ഗസാല (6) എന്നിവരാണ് മരിച്ചത്. സാക്കിറിന്റെ ഭാര്യ നസ്രീൻ (22) ആണ് പരുക്കേറ്റയാള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇടിയുടെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കില്‍ ഇടിച്ചശേഷം നിർത്താതെ പോകുന്നതും ബൈക്ക് യാത്രികനെ ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുന്നതും കുട്ടികള്‍ ട്രക്കിന്റെ ചക്രങ്ങള്ക്കടിയില്പ്പെട്ടതും ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ സാക്കിറിന്റെ ഭാര്യ ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
